Thursday, February 7, 2008

ബാര്‍ബര്‍ കരുണാകരന്‍

"വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെസത്യത്തിലാരും തിരിച്ചറിഞ്ഞില്ല." ഇതു വായിക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഞാനെന്താ ബാര്‍ബര്‍ ബാലന്റെ കഥ പറയാന്‍‍ പോകുന്നുവെന്ന് .അല്ല പക്ഷേ സമീപകാലങ്ങളില്‍ കണ്ട സിനിമയില്‍ വച്ച് എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച ഒന്നാണ് "കഥ പറയുമ്പോള്‍".ഇന്നത്തെ ലോകത്തില്‍ ഇങ്ങനെയും ചിലര്‍ നമുക്കിടയിലുണ്ട്.ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍പ്പെട്ട് മുങ്ങിപ്പോകുന്നവര്‍.ഈ സിനിമ കണ്ടപ്പോള്‍ നിങ്ങളാരെയാ ഓര്‍ത്തതെന്ന് എനിക്കറിയില്ല.പക്ഷേ എന്റെ മനസ്സില്‍ ആദ്യമെത്തിയത് എന്റെ നാട്ടിലെ ബാര്‍ബര്‍ കരുണാകരനെയാണ്. കരുണാകരന്റെ ബാര്‍ബര്‍ ഷോപ്പിലെ പ്രത്യേകത എന്തെന്നാല്‍ നമുക്ക് ഏത് സിനിമാനടീനടന്മാരെയും അവിടെ കാണാം.കാണാം എന്നു പറയുമ്പോള്‍ തെറ്റിദ്ധരിക്കണ്ട.നേരിട്ടു കാണാം എന്നല്ല അവരുടെയൊക്കെ ചിത്രങ്ങള്‍ അവിടെ കാണാം.കട മുഴുവന്‍ സിനിമാചിത്രങ്ങളാണ്.പിന്നെ നാട്ടുവിശേഷങ്ങളും രാഷ്ട്രീയവും ഒക്കെ പറയാനുള്ള ഒരു സദസ്സുകൂടിയാണ് കരുണാകരന്റെ കട.ഒപ്പം കരുണാകരനും പങ്കുചേരും.പക്ഷേ ബാര്‍ബര്‍ ബാലനെപ്പോലെയല്ല കേട്ടോ കരുണാകരന്‍.കാലത്തിനനുസരിച്ച് കരുണാകരന്‍ തന്റെ കടയില്‍ മാറ്റൊങ്ങളൊക്കെ വരുത്തി.പുതിയ സാമഗ്രികളൊക്കെ വാങ്ങി. പക്ഷേ ബാര്‍ബര്‍ കരുണാകരന് ഒറ്റ പ്രശ്നമേ ഉള്ളൂ.ഫാഷന്‍ കട്ടിംഗ് അറിയില്ല.പല സ്റ്റയിലിലും മുടിവെട്ടാമെന്ന കരുണാകരന്റെ വാഗ്ദാനത്തില്‍ പലരുടെയും മുടി നമ്മുടെ ബാര്‍ബറിന്റെ കത്രികയില്‍ കുടുങ്ങിയിട്ടുണ്ട്.എന്തുകൊണ്ടോ കാലത്തിനനുസരിച്ച് കോലം കെട്ടിയതുകൊണ്ട് ബാര്‍ബര്‍ കരുണാകരന്‍ ഇന്നും പിടിച്ചുനില്‍ക്കുന്നു.എല്ലാവരുടെയും നാട്ടിലുണ്ടാകു ഇത്തരത്തിലുള്ള ഓരോ ബാര്‍ബര്‍.നിങ്ങളും ഒന്നു ഓര്‍ത്തുനോക്കൂ.

MORE STORIES by SEENA
> ദീനാമ്മ

Wednesday, February 6, 2008

ഞാന്‍ പിറന്ന ....നാട്....

ഞാന്‍ പിറന്ന ....നാട്....വളര്‍ന്ന നാട്...പറക്കമുറ്റാറായപ്പോള്‍ വിടര്‍ന്നു കിട്ടിയ ചിറകുമായി പറന്നകന്നെങ്കിലും .....ഇടക്കെപ്പോഴോ..വീണ്ടും തിരികെ ചെല്ലാന്‍ കൊതിക്കുന്ന എന്റെ നാട്....ഓവര്‍ ലോഡായ ഓര്‍മ്മച്ചെപ്പില്‍ ആശ്വാസത്തിന്റെ ഓക്സിജന്‍ സിലിണ്ടറുമായെത്തുന്ന..എന്റെ സ്വന്തം ഗ്രാമം....പുതുപ്പാടി !!!കോഴിക്കോട് ജില്ലയുടെ ഒരറ്റത്ത് താമരശ്ശേരി ചുരത്തിന്റെ താരാട്ടു കേട്ടുറങ്ങുന്ന ഗ്രാമം.!!
തിരികെ ചെല്ലുമ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയടിവാരത്തിലെ കൊച്ചരുവികള്‍...എന്റെ കാഴ്ച്ചക്കു പവറുണ്ടോ എന്നു പരീക്ഷിക്കുന്ന കാനനഭംഗി....കാതിനിമ്പമായി എന്നെ കാത്തിരിക്കുന്ന ഇളംതെന്നലിന്റെ ശബ്ദ്സൗകുമാര്യം...പിന്നെ പൊട്ടിക്കരഞ്ഞകന്നെങ്കിലും..ഞാന്‍ എത്തുന്നതിനായ് കാത്തിരിക്കുന്ന ...എന്റെ പ്രിയ കൂട്ടുകാരന്‍ ..
നഴ്‌സറി ക്ലാസ്സിലെ കൊച്ചുതിരക്കുകള്‍ അവന്‍ എനിക്കു വേണ്ടി മാറ്റിവെയ്‌ക്കുമ്പോള്‍ എന്റെ നാടിനും എന്റെ നാടിനെക്കുറിച്ചുള്ള സങ്കല്‍‌പങ്ങള്‍ക്കും പുതുനാമ്പ് കിളുക്കുകയാണ് ....
സുപ്രഭാതങ്ങളില്‍ മുഴങ്ങുന്ന പള്ളിമണിയും...ബാങ്ക് വിളിയും ...ഭജനയും...ഞാന്‍ കേള്‍ക്കാറില്ല!!!പക്ഷേ മനസ്സിന്റെ അടിതട്ടിലെവിടെയോ ഏകാന്തതയുടെ സുഖം പകര്‍ന്നു തരുന്ന കാനനക്കുയിലിന്റെ കളകൂജനം എനിക്കു പ്രിയമാണ് ...പറ എന്റെ നാടാണോ നിങ്ങള്‍ക്കും ഇഷ്ടം....!!!

വള്ളപ്പാട്ടിന്റെ ആശാന്‍

അറുപതിന്റെ മധ്യത്തിലാണ് ചമ്പക്കുളം ബേബിയാശാന്‍.വള്ളപ്പാട്ടുകളുടെ അമരക്കാരന്‍,കളരിക്ക് ആശാന്‍.അങ്ങനെ ആശാന്റെ പ്രവര്‍ത്തന മേഖലകള്‍ ഏറെയാണ്. ടൂറിസ്റ്റുകള്‍ക്കുവേണ്ടി മാര്‍വെല്‍ ഗ്രൂപ്പ് നടത്തിയ മത്സര വള്ളം കളി തുടങ്ങുന്നതിനു അല്പ്പം മുന്‍പാണ് ചമ്പക്കുളം ബേബിയാശാനെ ഞങ്ങള്‍ പരിചയപ്പെടുന്നത്.കാവി മുണ്ടുടുത്ത്,വെള്ള ബനിയനും,തലയില്‍ വട്ടം കെട്ടിയ വെള്ളത്തോര്‍ത്തും,കയ്യിലൊരു തുഴയും,ചുണ്ടിലൊരു വിസിലുമായി ചുണ്ടന്‍ വള്ളങ്ങള്‍ക്ക് മാസ് ഡ്രില്‍ എടൂക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലങ്ങോളമിങ്ങോളം നടത്തിവരുന്ന വള്ളം കളികളിലെല്ലാം സജീവ സാന്നിദ്ധ്യ മാണ് ബേബിയാശാന്‍.വള്ളത്തിന്റെ അമരക്കാരന്‍ മുതല്‍ പാട്ടുകാരന്‍,മാസ് ഡ്രില്‍ മാസ്റ്ററ് എന്നിങ്ങനെ വള്ളം കളിയുടെ എല്ലാ മേഖലകളും ആശാനു പരിചിതമാണ്.ഇന്നു നമ്മള്‍ കേള്‍ക്കുന്ന വള്ളപ്പാട്ടുകളെല്ലാം പാടിയിരിക്കുന്നത് ആശാനാണ്.നമുക്ക് പരിചിതമായ ഏഷ്യന്‍ പെയിന്റ് അപെക്സിന്റെ പരസ്യത്തിലെ സ്വരവും അദ്ദേഹത്തിന്റേതാണ്.അതില്‍ ചുവടുവച്ച അഭ്യാസികള്‍ ആശാന്റെ ശിഷ്യന്‍മാരും. വള്ളപ്പാട്ടിനെയും.കളിയെയും കുറിച്ച് പറയാന്‍ ആശാന് ഉത്സാഹം ഏറെയാണ്.പക്ഷെ,സമയക്കുറവു മൂലം ഏറെ പറയാനും കഴിഞ്ഞില്ല.വള്ളം കളി കഴിഞ്ഞ് ചെറിയ ബോട്ടിന്റെ മുകളില്‍ കയറിയിരുന്ന്.കായലിലെ കാഴ്ച്ചകള്‍ കണ്ടു നടന്ന ഞങ്ങളെ,അടുത്തുകൂടി പോയ മറ്റൊരു ബോട്ടിന്റെ മുകളിലിരുന്ന് ആശാന്‍ വിളിച്ചു പറഞ്ഞു.മക്കളെ വീണ്ടും കാണാം ..........കാണണം..

കല്ല്യാണം മുടക്കികള്‍

"മടുത്തു...........ഇനി വയ്യ.....ഇതെത്രമത്തെ ആലോചനയാ മുടങ്ങുന്നത്.............." ആണ്‍/പെണ്‍ വീട്ടുകാര്‍ക്ക് ഈ കല്ല്യാണം വേണ്ടാത്രേ ! ഈ പല്ലവി ഒരിക്കലെങ്കിലും കേള്‍ക്കാത്തവരുണ്ടാവില്ലെന്നു കരുതുന്നു.അതിന്റെ പിന്നില്‍ നടക്കുന്ന കളികള്‍ നിങ്ങള്‍ പലരും ആലോചിച്ചിട്ടുണ്ടാകും, അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചിലരെ നമുക്ക് അറിയാം, അവരെ നമുക്ക് ഒരു പേരിടാം" കല്ല്യാണം മുടക്കികള്‍"
മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കാത്തവര്‍ ,അല്ലെങ്കില്‍ നമുക്ക് ചുറ്റുമുള്ളവര്‍ വേദനിക്കുന്നത് ഒരു ഹരമായിട്ടുള്ളവര്‍ ഇങ്ങനെ പലതായിട്ടും നമുക്ക് വ്യാഖ്യാനിക്കാം.ഇതില്‍ നമുക്കറിയുന്ന പലരും ഉള്‍പ്പെടാം.വീട്ടുകാര്‍, അയല്‍ക്കാര്‍,കടക്കാര്‍,ബന്ധുക്കള്‍,സഹോദരങ്ങള്‍,സുഹൃത്തുക്കള്‍ തുടങ്ങിയവര്‍.സാഹചര്യമനുസരിച്ച് ഓരോരുത്തരും കല്ല്യാണം മുടക്കികളാകുന്നു.
പാരമ്പര്യം പറഞ്ഞുവരുമ്പോള്‍........................
വാതോരാതെ സംസാരിക്കുന്ന കാരണവന്മാര്‍ ,അച്ചന്മാര്‍ ആദ്യത്തെ കൂടിക്കാഴ്ച്ചയില്‍ തന്നെ കുടുമ്മ്പത്തിന്റെ പരമ്പര്യം മൊത്തത്തില്‍ പറയുമ്പോള്‍ വന്നവര്‍ക്ക് ഒരു മടുപ്പ് അനുഭവപ്പെടുന്നു.അതൊരു പരിധിവരെ കല്ല്യാണം മുടക്കത്തിന് കാരണമാകുന്നു.മറ്റൊന്ന് സമ്പത്തിനോടുള്ള അമിതമായ താല്പര്യമാണ്.പെണ്ണിന്റെ/ചെറുക്കന്റെ അച്ചന് എത്ര സ്വത്തുണ്ട്,എത്ര സ്ഥലമുണ്ട്,കൃഷി,സ്വര്‍ണ്ണം,ജോലി ഇങ്ങനെ നീണ്ടൂപോകുന്നു അവരുടെ ലിസ്‌റ്റ്.
അവര്‍ വല്ല്യ പുള്ളികളാ...................................
എത്ര നല്ല അയല്‍ക്കാരണേലും തങ്ങളേക്കാള്‍ മികച്ചത് മറ്റുള്ളവര്‍ക്ക് ലഭിക്കരുതെന്ന അത്യാഗ്രഹം.ചുറ്റുവട്ടം നിരീക്ഷിക്കാനെത്തുന്ന ചെറുക്കന്റെ /പെണ്ണിന്റെ വീട്ടുകാര്‍ അയല്‍ വീടുകളിലോ,അടുത്ത കടകളിലോ കയറി ഗുണദോഷങ്ങള്‍ തിരക്കാറില്ലേ? പലപ്പോഴും അവര്‍ക്കുകിട്ടുന്ന ഉത്തരം "അവര്‍ വല്ല്യ പുള്ളികളാ.......നിങ്ങള്‍ക്ക് അവരോടു മുട്ടാന്‍ പറ്റില്ല എന്ന വാക്ക് പല കല്ല്യാണങ്ങളും മുടങ്ങാന്‍ കാരണമാകുന്നു.
ബന്ധുക്കള്‍ ശത്രുക്കള്‍.................................
തങ്ങളേക്കാള്‍ മികച്ചത് മറ്റോരാള്‍ക്ക് കിട്ടരുതെന്ന മോഹം പലപ്പോഴും കല്ല്യാണം മുടക്കുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നു.മറ്റൊന്ന് സഹോദരന്മായിരിക്കാം,തെക്കു വടക്കു നോക്കിനടക്കുന്നതല്ലാതെ കല്ല്യാണം നടത്തികൊടുക്കാന്‍ അവര്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല.
കണ്ണാടി നന്നായാല്‍.......................................
സുഹൃത്തുക്കള്‍ രണ്ടു തരത്തിലാണ് ഒന്ന് മന:പൂര്‍‌‌വ്വം കുറ്റം കണ്ടെത്തുന്നവര്‍, നിറം പോരാ,ഭംഗിപോരാ,മുടി നീളം പോരാ,തുടങ്ങി തടി,നീളംഎന്തിനും കുറ്റം പറയുക."പ്രധാന വിനോദം ഒരു ദിവസം എത്ര വീട്ടില്‍ നിന്ന് ചായ കഴിക്കാം"എന്നാതാണ്.
മറ്റു ചില സുഹൃത്തുക്കള്‍ ,കൂട്ടുകാരന് ഇഷ്ടമില്ലാത്തതാണെങ്കില്‍ നല്ല പിള്ള ചമഞ്ഞ് വിവാഹം മുടക്കുക.അത് ചിലപ്പോള്‍ പല കഥകള്‍ മെനഞ്ഞാവാം."അവള്‍ കൊള്ളില്ല, അവളെ ഞാനൊരിക്കല്‍ അവളെ വളച്ചതാ,കോളേജില്‍ പടിക്കുമ്പോള്‍ അവള്‍ ആണ്‍പിള്ളേരോടു മാത്രമേ കൂട്ടുകൂടത്തുള്ളു,പറയുന്ന കൂട്ടുകാരന്‍ ഒരിക്കല്‍ പോലും ആ കുട്ടിയെ കണ്ടീട്ടുണ്ടാവില്ല,പക്ഷെ ഒരു രസത്തിന് പറഞ്ഞു പരത്തുന്നത് ഒരു രസമായിരിക്കാം.അതിന്റെ ഭവിഷത്ത് അനുഭവിക്കുന്നതോ അപമാനിക്കപ്പെടുന്ന കുട്ടിയും വീട്ടുകാരും. ചിലപ്പോള്‍ സ്വന്തം കൂട്ടുകാരനെ രക്ഷിക്കാനും ചിലര്‍ കല്ല്യാണം മുടക്കികളായി മാറുന്നു.
ഇതിന്റെയൊക്കെ ഒരു പൊതു സ്വഭാവമെടുത്താല്‍ വെറുമൊരുമനോരോഗമണെന്ന് കണ്ടെത്താം. "മറ്റുള്ളവരുടെ വേദനയില്‍ ആനന്ദം".പലരുടേയും അനുഭവങ്ങള്‍ ,ഞാന്‍ എന്റെ ചുറ്റുപാടില്‍ നിന്ന് അറിഞ്ഞവ ഇവയെല്ലാം കൂട്ടിചേര്‍ത്തു ചെറിയ കുറിപ്പ് അതുമാത്രമാണിത്.