Wednesday, January 30, 2008

അരങ്ങിലെ സൂത്രധാരന്‍

നാടകാചാര്യന്‍ ജി ശങ്കരപിള്ളയുടെ 'പ്രസാധന' നാടകകളരിയിലൂടെയാണ് ഭരത്ഗോപി എന്ന മഹാനടന്റെ അരങ്ങിലെ രംഗപ്രവേശം . പിന്നീട് കാവാലത്തിന്റെ 'തിരുവരങ്ങ് ' നാടകസംഘത്തിലും സി.എന്‍ ശ്രീകണ്ഠ്ന്‍നായരുടെ നാടകങ്ങളിലും പ്രധാനനടനായി .196o മുതല്‍ നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു .1986ല്‍ ബോംബെ ഈസ്റ്റ് വെസ്റ്റ് എന്‍‍കൗണ്ടര്‍ നാടകോത്സവത്തില്‍ കാവാലത്തിന്റെ 'ഒറ്റയാന്‍'ലെ നായകവേഷം , അവനവന്‍ , കടമ്പ എന്നിവയിലെ അഭിനയവും ഏറെ പ്രശംസ നേടി .

കച്ചവടതാത്പര്യമില്ലാത്ത അമേച്വര്‍ നാടകങ്ങളിലെ പക്വതയാര്‍ന്ന അഭിനയത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ നടനവൈഭവം പൂര്‍ണതയിലെത്തിയത് . സ്വാഭാവികതയ്ക്കു പകരം നാടകീയത നിറഞ്ഞ സന്ദര്‍ഭങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്ന ഇത്തരം അഭിനയം ചലച്ചിത്രകാരന്റെ മനസ്സിലുള്ള കഥാപാത്രത്തെ തന്മയത്വത്തോടെ വെള്ളിത്തിരയിലെത്തിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു . നാടകവും സിനിമയും രണ്ടാണെന്ന തിരിച്ചറിവായിരുന്നു അദ്ദേഹത്തിന്റെ വ്യത്യസ്ഥമായ അഭിനയരീതിയുടെ രഹസ്യം . അഭിനയകലയുടെ മര്‍മ്മമറിഞ്ഞയാള്‍ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചു .

ആചാര്യനായ ജി. ശങ്കരപിള്ളയുടെ നാടകശൈലി പാശ്ചാത്യനാടകവേദിയെ അന്ധമായി അനുകരിക്കുന്നതാണെന്നും അത് മലയാളനാടകവേദിക്കു ഗുണം ചെയ്യില്ലെന്നും പറയാന്‍ അദ്ദേഹം ധൈര്യപ്പെട്ടു . 50 ലേറേ നാടകങ്ങളില്‍ അഭിനയിച്ചു . അഞ്ച് നാടകങ്ങളും 'നാടകനിയോഗം' എന്ന പുസ്തകവും രചിച്ചു . ഗുരുദക്ഷിണ , പൂജമുറി എന്നീനാടകങ്ങള്‍ സംവിധാനം ചെയ്തു . വെള്ളിത്തിര അടക്കിവാഴുമ്പോഴും അരങ്ങിനെ നവീകരിച്ചും സ്വീകരിച്ചും തന്റെ സാന്നിധ്യമറിയിച്ച യഥാര്‍ത്ഥ സൂത്രധാരനാണ് ഭരത്ഗോപി .

1 comment:

siva // ശിവ said...

വളരെ നല്ല ലേഖനം....